Labels

america (1) android (1) calculation (1) codes (1) diet (1) egypt (1) findshares (1) findyourcomments (1) Firmware Version (1) global code (1) google (3) googleplustips (3) heater (1) help (3) hospital (1) internet settings (1) israel (1) Keyboard Shortcuts (1) medical (1) Microsoft Windows (1) mobile (2) nathan pritikin (1) plus posts (1) Rahim Payyadimeethal (1) recovery software (1) samsung (1) searchtips (4) sign (1) solar (1) symbol (1) tech (3) technology (6) travel (1) war (1) water (1) worldwide (1) അമേരിക്ക (1) ഇസ്രായേല്‍ (1) ഈജിപ്റ്റ്‌ (1) എം ടി (1) എഴുത്ത് (1) കണക്കുകള്‍ (1) കഥ (1) കമന്റ്സ് (1) കവിത (1) കീബോര്‍ഡ് (1) കുറിപ്പുകള്‍ (3) ക്യാന്‍സര്‍ (1) ഖാലിദ്‌ (1) ഗണിതം (1) ഗൂഗിള്‍ ടോക്ക് (1) ഗൂഗിള്‍ പ്ലസ്‌ (2) ഗൂഗിള്‍പ്ലസ്‌ (3) ചാറ്റ് (1) ചികിത്സ (2) ടെക്നോളജി (7) ട്രാവല്‍ (1) ട്രിക്ക് (4) ട്രിക്ക്സ് (3) ഡോക്ട്ടര്‍ (1) പ്രസംഗം (1) ഫോട്ടോഷോപ്പ് (1) മലയാളം (1) മാതൃഭൂമി (1) മിശ്അല്‍ (1) യുദ്ധം (1) വിമാനയാത്ര (1) വ്യാജവാര്‍ത്ത (1) ശതാവരിക്കിഴങ്ങ് (1) ശാരിക എസ്. വിദേശ പഠനം. (1) ഷോട്ട് കട്ട് (1) സഹായം (8) സഹായി (7) സെര്‍ച്ച് ടിപ്സ് (3) സ്ഥലമളവ് (1) ഹമാസ്‌ (1) ഹൃദ്രോഗം (1) റിക്കവറി (1)

Monday, October 15, 2012

എഴുതുന്നവരേ ഇവിടെ വരൂ...ര്‍ഗാത്മകരചന ആരെയെങ്കിലും പഠിപ്പിക്കാനാകുമോ? ഇലെ്ലന്നു തന്നെയാണ് എന്‍റെ വിശ്വാസം. ഷിക്കാഗോയിലും ന്യൂയോര്‍ക്കിലുമൊക്കെ രചനാകോഴ്സുണ്ട്. അവിടെപ്പോലും ഒന്നും പഠിപ്പിച്ചുകൊടുക്കുന്നില്ല. കോഴ്സിനു ചേരുന്നവരെക്കൊണ്ട് തുടര്‍ച്ചയായി എഴുതിക്കുകയും അതുവായിച്ച് നിശബ്ദമായി പ്രോല്‍സാഹിപ്പിക്കുകയുമാണ് ചെയ്‌യുന്നത്. യുഎസിലെ അയോവയിലെ ഇന്‍റര്‍നാഷനല്‍ റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലോകത്തിന്‍റെ പല ഭാഗത്തുള്ളവര്‍ എഴുത്തുപഠിക്കാന്‍ എത്താറുണ്ട്. അവിടെ പഠിച്ച ഒരു ഫിലിപ്പീന്‍സ് എഴുത്തുകാരന്‍ ഒരുവര്‍ഷം കൊണ്ട് ഒരു കഥയാണ് എഴുതിയത്. ഒരുകൊല്ലം നഷ്ടപ്പെടുത്തിയെന്ന നിരാശയുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അയാളുടെ ഉത്തരം. നല്ലരീതിയില്‍ എഴുതാന്‍ അവര്‍ ഒരു ഗൈഡിനെപ്പോലെ പ്രവര്‍ത്തിക്കുന്നു. വിദഗ്ധനായ ഒരു വായനക്കാരനായി അവര്‍ നമുക്കുമുന്നിലുണ്ടാകും. പോരാ, ശരിയായില്ല എന്നു തുറന്നുപറയുന്നു. പക്ഷേ, എങ്ങനെ മാറ്റിയെഴുതണം എന്ന് അവര്‍ പറഞ്ഞുതരില്ല. ഒന്നുകൂടി ശ്രമിക്കൂ എന്നാണ് അവര്‍ പറയുക. നമ്മുടെ രചന പ്രസിദ്ധീകരിക്കുന്ന നിലവാരത്തിലെത്തുന്പോഴേക്ക് കോഴ്സ് പൂര്‍ണമാകുന്നു. മലയാള മനോരമ എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന എഴുത്തുപുരപോലുള്ള സര്‍ഗാത്മക കൂട്ടായ്മകളില്‍നിന്നു മടങ്ങുന്പോള്‍ ചില എഴുത്തുകാരുടെ, കഥയുടെ, കവിതയുടെ, പുസ്തകങ്ങളുടെയൊക്കെ പേര് മനസ്സില്‍ തങ്ങിനില്‍ക്കും. പിന്നീട് അതു വായിക്കണമെന്ന തോന്നലുണ്ടാകും. നാമറിയാതെ നമ്മള്‍ എഴുത്തുലോകത്തേക്ക് ആനയിക്കപ്പെടുകയാണ്. പഴയ എഴുത്തുകാര്‍ അനുഭവങ്ങള്‍ പറയും. അതില്‍ വലിയ കാര്യമില്ല. ഓരോരുത്തര്‍ക്കും അനുഭവങ്ങള്‍ വ്യത്യസ്തമാണ്. പക്ഷേ, എഴുത്തിനു ചില സാമാന്യരീതിയുണ്ട്. ഇത്തരം കൂട്ടായ്മയില്‍ അതു പങ്കുവയ്ക്കപ്പെടുന്നുണ്ട്. ഈ പങ്കുവയ്ക്കലില്‍നിന്നു നമുക്ക് ആത്മവിശ്വാസമോ ആത്മവിമര്‍ശനമോ പകര്‍ന്നുകിട്ടുന്നു. വെട്ടിയും തിരുത്തിയും ഞാനൊക്കെ എഴുതിത്തുടങ്ങിയിട്ടു കുറെക്കാലമായി. ഇപ്പോഴും ആദ്യകോപ്പി നേരിട്ട് പ്രസിദ്ധീകരണത്തിനയയ്ക്കാന്‍ പറ്റില്ല. അത് പകര്‍ത്തിയെഴുതിയേ മതിയാകൂ. നിര്‍ബന്ധമാണ്. തകഴിചേ്ചട്ടന്‍റെ എഴുത്ത് വലിയ വിസ്മയമായിരുന്നു. കയര്‍ എഴുതിയത് കോഴിക്കോട്ടെ ഹോട്ടലിലിരുന്നാണ്. അന്നു ഞാനാണ് ചെറിയ സൗകര്യങ്ങളൊക്കെ ചെയ്തുകൊടുത്തത്. പുലര്‍ചെ്ച നാലുമണിക്ക് എഴുന്നേറ്റിരുന്ന് കച്ചിക്കടലാസില്‍ പെന്‍സില്‍ ഉപയോഗിച്ചായിരുന്നു അദ്ദേഹത്തിന്‍റെ എഴുത്ത്. നല്ല കടലാസിലെഴുതിയാല്‍ കടലാസ് മോശമായിപ്പോകുമെന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാല്‍ ബഷീറിന്‍റെ രീതി വേറെയായിരുന്നു. വളരെ വളരെ സാവകാശമാണ് അദ്ദേഹത്തിന്‍റെ എഴുത്ത്. ഒരു കത്തെഴുതാന്‍ പോലും ഏറെ സമയമെടുക്കും. പക്ഷേ, എഴുതിയാല്‍ പിന്നെ വെട്ടും തിരുത്തുമൊന്നുമുണ്ടാകില്ല.

 ഞാനൊക്കെ എഴുതുന്പോള്‍ ഒട്ടേറെ വെട്ടും തിരുത്തുമുണ്ടാകും. എന്‍റെ കുട്ടിക്കാലത്ത് രാത്രി എഴുതാനിരിക്കുന്പോള്‍ അമ്മയുടെ ഏറ്റവും വലിയ വിഷമം മണ്ണെണ്ണ തീര്‍ന്നുപോകും എന്നതായിരുന്നു. അന്നു മണ്ണെണ്ണയ്ക്കു വലിയ വിലയാണ്. ഹെഡ്മാസ്റ്ററുടെ കത്തുകൊടുത്താലേ മണ്ണെണ്ണ കിട്ടുമായിരുന്നുള്ളൂ. ഞാന്‍ പഠിക്കുകയാണെന്നായിരുന്നു അമ്മയുടെ വിചാരം. കഥയെഴുതുന്നുണ്ട് എന്നറിയില്ലായിരുന്നു. അതു മനസ്സിലാക്കാന്‍ കഴിയുന്നതിനു മുന്‍പ് അമ്മ ഓര്‍മയായി. കടലാസുതോണി പോലെഎഴുത്ത് ഒട്ടും സുഖമുള്ള കാര്യമല്ല. വെട്ടുന്നു, തിരുത്തുന്നു, കളയുന്നു, വീണ്ടുമെഴുതുന്നു. എഴുത്ത് ഒരു മെറ്റഫര്‍ ആണ്. മഴക്കാലത്ത് കടലാസുതോണിയുണ്ടാക്കി ഒഴുക്കിവിടുന്നതുപോലെയാണ് അത്. ചിലത് കുറെ ദൂരം ഒഴുകും. ചിലതു പെട്ടെന്ന് വെള്ളത്തില്‍ മുങ്ങിപ്പോകും. ലോകത്ത് പല പുസ്തകങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, ഒരു കഥ എങ്ങനെ എഴുതാം എന്നൊരു പുസ്തകം ഇതുവരെ വന്നിട്ടില്ല. എഴുതാന്‍ ആയിരക്കണക്കിനു വഴിയുണ്ട്. അതിലൂടെ വീണ്ടും പോകുകയല്ല വേണ്ടത്. നമ്മുടേതായ വഴി തുടര്‍ച്ചയായ ശ്രമങ്ങളിലൂടെ കണ്ടെത്തണം. എഴുത്തും തീര്‍ഥാടനവും ഒരുപോലെയാണ്. രണ്ടിനും നിയതമായ മാര്‍ഗമില്ല. തുടര്‍ച്ചയായ ശ്രമങ്ങളിലൂടെ നമ്മള്‍ മറ്റാരും ഉപയോഗിച്ചിട്ടില്ലാത്ത ഒരു പാത വെട്ടിത്തെളിക്കണം. 

തുവരെ ആരും ചിന്തിക്കാത്ത ഒരു പ്രമേയം ചിന്തയിലേക്ക് വീണുകിട്ടിയാല്‍ അതു സൗഭാഗ്യത്തിന്‍റെ നിമിഷമാണ്. അത് എങ്ങനെ അവതരിപ്പിക്കണം എന്നാണ് തുടര്‍ന്നുള്ള ആലോചന. ശരിയുടെ നിമിഷം അന്വേഷിച്ചുള്ള യാത്ര. അതിനെയാണ് സര്‍ഗാത്മകത എന്നു പറയുന്നത്. കല്‍പ്പണിക്കാരന്‍ പണിയുന്നതുപോലെ കുറെ വാക്കു ചേര്‍ത്തുവച്ച് ഒരു വാചകവും അതില്‍നിന്ന് പുതിയൊരു ബിംബവും ഉണ്ടാക്കുന്നു. ചിലപ്പോള്‍ വാഗര്‍ഥങ്ങള്‍ക്കപ്പുറമുള്ള ഒരു തലം അതിനുണ്ടാകുന്നു. ആ നിമിഷത്തിനുള്ള അന്വേഷണമാണ് എഴുത്തിന്‍റെ ആത്മാവ്. സത്യത്തിന്‍റെ ഒരു നിമിഷമുണ്ട്. ഞാനെഴുതിയ വാക്കുകള്‍ വേണ്ടതുപോലെ വന്നുചേര്‍ന്നു എന്നു ബോധ്യം വരുന്ന ഒരു നിമിഷം. ആ മനോഹരനിമിഷത്തിനു വേണ്ടിയാണ് ഓരോ എഴുത്തുകാരന്‍റെയും ശ്രമം. എഴുത്ത് എളുപ്പമുള്ള സംഗതിയല്ല. ഒട്ടേറെ ആലോചനകള്‍ക്കു ശേഷമാണ് നമുക്ക് പറയാനുള്ള പ്രമേയം കണ്ടെത്തുന്നത്. അതിനെക്കാള്‍ പ്രധാനം അത് അവതരിപ്പിക്കാനുള്ള രീതി തിരഞ്ഞെടുക്കുന്നതാണ്. കാരണം, വായനക്കാരുടെ മനസ്സില്‍ തൊട്ടിലെ്ലങ്കില്‍ നമ്മള്‍ എഴുതുന്നതെല്ലാം പാഴ്‌വേലയാകും. അതിനു നന്നായി അധ്വാനിക്കണം. പണ്ടുകാലത്ത് എഴുതുന്ന കുട്ടികളെ അപകടകാരികളായാണ് കണ്ടിരുന്നത്. രാമായണം തെറ്റുകൂടാതെ വായിക്കണം എന്നു മാത്രമേയുണ്ടായിരുന്നുള്ളൂ. ഇരുവശത്തും വിളഞ്ഞുകിടക്കുന്ന നെല്ല് കടിക്കാതെ കന്നുകാലികളെ പാടത്തെ വരന്പ് കടത്തി പുഴയിലേക്കെത്തിച്ചാല്‍ അവന്‍ മിടുക്കനായി അംഗീകരിക്കപ്പെട്ടിരുന്നു. ഇന്നത്തെക്കാലത്ത് കഥ മാറി. കഴിഞ്ഞദിവസം എട്ടുവയസുകാരന്‍റെ പുസ്തകപ്രകാശനത്തിനു പോകേണ്ടിവന്നു. പുസ്തകപ്രകാശനത്തിനൊപ്പം തന്നെ ഈ കുട്ടിക്ക് ഒരു ഗള്‍ഫ് സംഘടനയുടെ പേരിലുള്ള അവാര്‍ഡും പ്രഖ്യാപിക്കപ്പെട്ടു. ഇതൊക്കെ കണ്ട് സഹിക്കാന്‍ വയ്‌യാതെ ശ്രമക്കാരോട് പറയേണ്ടിവന്നു - കുട്ടിക്ക് കവിതയുണ്ടെങ്കില്‍ നല്ലത്. പ്രോല്‍സാഹിപ്പിക്കണം. പക്ഷേ, ഇതുപോലുള്ളവ നിങ്ങള്‍ ആ കുട്ടിയോടു ചെയ്‌യുന്നത് ദ്രോഹമാണ്. അവരത് സ്വീകരിചേ്ചാ ഇല്ലയോ എന്നറിഞ്ഞുകൂടാ. എന്നുടെയൊച്ച കേട്ടുവോ വേറിട്ട്? എഴുതിയാല്‍ എന്തുനേടും എന്ന ചോദ്യം പ്രസക്തമാണ്. അച്ചടിക്കുമോ പുസ്തകമാക്കുമോ എന്ന ഉത്കണ്ഠ ഇപ്പോഴുമുണ്ട്. വരുമാനം കിട്ടുമോ പ്രശസ്തി കിട്ടുമോ എന്നൊന്നും നോക്കാതെയാണ് എഴുത്തുതുടങ്ങുന്നത്. എന്തെങ്കിലും നേടാം എന്നു വിചാരിച്ചല്ല ആരും എഴുത്തിന്‍റെ ലോകത്തേക്കുവരുന്നത്. ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന ബോധ്യപ്പെടുത്തലാണ് എഴുത്ത്. എന്നില്‍ എന്തോ ചൈതന്യമുണ്ട് എന്നു തോന്നുന്ന അവസരങ്ങള്‍ക്കുവേണ്ടിയാണ് എഴുതിക്കൊണ്ടേയിരിക്കുന്നത്. എവിടെയോ ചിലര്‍ എന്നെ വായിക്കാന്‍ കാത്തിരിക്കുന്നു എന്നൊരു ബോധ്യമുണ്ടാകണം എഴുത്തുകാരന്. എന്നുടെയൊച്ച കേട്ടുവോ വേറിട്ട്... എന്നതാകണം എഴുത്തുകാരന്‍റെ ഹൃദയത്തില്‍ നിന്നുള്ള ചോദ്യം. അടുത്തിടെ നേപ്പാളില്‍നിന്നുള്ള കേവല്‍ ചന്ദ്ര ലാമ എന്നയാളുടെ കവിതകളുടെ വിവര്‍ത്തനം വായിച്ചു. നല്ല ജീവനുള്ള കവിതകള്‍. നേപ്പാളില്‍ ആകെയുള്ളത് നാലു മാസികയോ മറ്റോ ആണ്. അതില്‍ എഴുതിയാല്‍ പ്രതിഫലം കിട്ടില്ല. ലാമയെക്കുറിച്ച് കൂടുതല്‍ വായിച്ചപ്പോഴാണറിഞ്ഞത്-അദ്ദേഹം പാവപ്പെട്ട ഒരു പെയിന്‍റിങ് തൊഴിലാളിയാണ്. അയാള്‍ ഭൗതികമായ ജീവിതത്തിനായി പെയിന്‍റിങ് പണി ചെയ്‌യുന്നു. ആന്തരമായ ജീവിതത്തിനുവേണ്ടി കവിതയെഴുതുന്നു... എഴുത്തിന്‍റെ രൂപം എങ്ങനെയാകണമെന്ന് നമ്മള്‍ തന്നെയാണു നിശ്ചയിക്കേണ്ടത്.
 
ന്‍റെ വാക്കുകള്‍ വേണ്ടവിധമായി എന്നു ബോധ്യം വരുന്നൊരു നിമിഷംവരെ ശ്രമിച്ചുകൊണ്ടേയിരിക്കണം. വായനക്കാര്‍ വായിക്കണം എന്ന് ഒരു നിര്‍ബന്ധവുമില്ല. അയാളെ തൃപ്തിപ്പെടുത്തിയിലെ്ലങ്കില്‍ അയാള്‍ക്കു വിഷമമാവുകയും ചെയ്‌യും. തെരുവില്‍ കാക്ക കൊത്തുന്നു ചത്തപെണ്ണിന്‍റെ കണ്ണുകള്‍, മുലചപ്പി വലിക്കുന്നൂ നരവര്‍ഗനവാതിഥിമഹാകവി അക്കിത്തത്തിന്‍റെ വരികള്‍ എനിക്കിപ്പോഴും മറക്കാതെ ചൊല്ലാന്‍പറ്റുന്നത് എന്തുകൊണ്ടാണ്? കവിതയ്ക്കു താളം വേണോ എന്ന ചോദ്യത്തിനുള്ള മറുപടിയാണിത്. ഗദ്യം മുറിച്ചുണ്ടാക്കിയ കവിതകള്‍ വായിക്കപ്പെടുമായിരിക്കും. പക്ഷേ, ഇങ്ങനെയുള്ള എത്ര കവിതകള്‍ നിങ്ങളുടെ മനസ്സില്‍ തങ്ങിനില്‍ക്കും? വൈലോപ്പള്ളിയുടെയും അക്കിത്തത്തിന്‍റെയും ഇടശേരിയുടെയും ആയിരം വരികള്‍ വേണമെങ്കിലും എനിക്കിപ്പോഴും കാണാതെ ചൊല്ലാനാകും. അതു പരീക്ഷയ്ക്കുവേണ്ടി പഠിച്ചതൊന്നുമല്ല. കവിതയില്‍ താളമുണ്ടെങ്കില്‍ മാത്രമേ മനസ്സില്‍ അതിന്‍റെ അനുരണനങ്ങളുണ്ടാകൂ. കാലം മാറി, എഴുത്തും ഞാന്‍ 12 വയസില്‍ കവിതയെഴുതിത്തുടങ്ങിയതാണ്. ശരിയാകില്ല എന്നു സ്വയംതോന്നിയപ്പോള്‍ നിര്‍ത്തി. പിന്നെയാണ് കഥയെഴുതിയത്. പ്രസിദ്ധീകരിക്കാനൊന്നും വഴിയില്ല. കുറെക്കഴിഞ്ഞപ്പോഴാണ് അല്‍പം ശരിയാകുന്നു എന്ന ആത്മവിശ്വാസമുണ്ടായിത്തുടങ്ങിയത്. അങ്ങനെയാണ് കഥയുടെ മഹാപ്രപഞ്ചത്തിലേക്ക് എത്തുന്നത്. അതില്‍ ഏറ്റവും വലിയ വിദഗ്ധന്‍ എന്ന ഒരു നാട്യവും എനിക്കില്ല. പത്താംക്ലാസ് പരീക്ഷ എഴുതാനിരിക്കുന്ന കുട്ടിയുടെ ഉത്കണ്ഠയോടെയാണ് ഞാനിപ്പോഴും എഴുതുന്നത്. ശരിയായി എന്നു തോന്നുന്പോഴാണ് പരിഭ്രമം ആശ്വാസമായി മാറുന്നത്. അമേരിക്കന്‍ ചിന്തകനായ ബാര്‍ത്തേസ് പറഞ്ഞു- ആയിരത്തൊന്നു രാവുകളും പഞ്ചതന്ത്രവും മാത്രം വായിച്ചാല്‍ നല്ല കഥാകാരനാകാം. എന്തു വായിക്കുന്നു എന്നതല്ല, സ്വന്തം വഴി കണ്ടെത്തുകയാണ് പ്രധാനം. എഴുത്തില്‍ അപാരമായ സ്വാതന്ത്ര്യമുണ്ട്. പ്രമേയവും ചട്ടക്കൂടുമൊക്കെ നമ്മള്‍ തന്നെയാണ് നിശ്ചയിക്കേണ്ടത്. കാലം മാറിയത് എഴുത്തുരീതികളിലും മാറ്റമുണ്ടാക്കിയിട്ടുണ്ട്. നാട് എന്തുചിന്തിക്കുന്നു എന്നറിയാന്‍ സ്വന്തം ഉള്ളിലേക്കു നോക്കണമെന്നാണ് ജോയ്സിനെപ്പോലുള്ള പഴയ എഴുത്തുകാര്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ അതുസാധ്യമാണോ? കേരളം എന്തുചിന്തിക്കുന്നു എന്നറിയാന്‍ നമുക്കുകഴിയുമോ? എന്തിന്, സ്വന്തം കുടുംബം എന്തുചിന്തിക്കുന്നു എന്നറിയുമോ? സമൂഹം ഛിന്നഭിന്നമായി. ജീവിതസമസ്യകള്‍ സങ്കീര്‍ണമായി. സമൂഹത്തിന്‍റെ ചിന്താധാര പലപ്പോഴും വിശകലനം ചെയ്‌യാന്‍ കഴിയാതെയായിരിക്കുന്നു. ഇതാണ് എഴുത്തുകാര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. സങ്കീര്‍ണതകള്‍ക്കുനടുവില്‍ നിന്നുകൊണ്ട് നമുക്കാവശ്യമായ നെന്മണിയെടുക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്. വായനക്കാര്‍ക്ക് നമ്മളെ വായിക്കാന്‍ ഒരു ബാധ്യതയുമില്ല. നമ്മള്‍ അവരെക്കൊണ്ട് വായിപ്പിക്കുകയാണ്. പണ്ട് മഹാന്മാരായ എഴുത്തുകാര്‍ എഴുതിയ ഭാഷയല്ല ഇപ്പോള്‍ ഉപയോഗിക്കേണ്ടത്. അങ്ങകലെയുണ്ട്, ഒരു മരുപ്പച്ചഎഴുത്തിന് അപാരമായ സാധ്യതകളുണ്ട്. പക്ഷേ, എളുപ്പമല്ല. വിജയം അടുത്താണ് എന്നു വിശ്വസിക്കണം. വാന്‍ഗോഗ് ജീവിച്ചിരിക്കുന്പോള്‍ ആംസ്റ്റര്‍ഡാമില്‍ ഒരു ചിത്രം പോലും വിറ്റുപോയിട്ടില്ല. ദുരന്തമായിരുന്നു അദ്ദേഹത്തിന്‍റെ ജീവിതം. പക്ഷേ, ഇപ്പോള്‍ ലോകത്തേറ്റവും മൂല്യമുള്ളതാണ് അദ്ദേഹത്തിന്‍റെ വര. നമ്മള്‍ ശ്രമിച്ചുകൊണ്ടേയിരിക്കണം. എവിടെയോ ഒരു മരുപ്പച്ച ഉണ്ട്. എത്തുമെന്ന ഉറപ്പില്ല. എങ്കിലും പ്രതീക്ഷയോടെ നമ്മള്‍ സഞ്ചരിച്ചുകൊണ്ടേയിരിക്കണം. എത്തിയിലെ്ലങ്കിലും ആ യാത്ര വലിയ കാര്യമാണ്. അതു തുടര്‍ന്നുകൊണ്ടിരിക്കണം. അതാണു നമ്മളെ മുന്നോട്ടുനയിക്കുന്നത്. എഴുത്തില്‍ ഒരിക്കലും പ്രീ-ഫാബ്രിക്കേഷന്‍ ശൈലി കൊണ്ടുവരരുത്. രചനാരീതി ഒരിക്കലും രാവണന്‍കോട്ടയായി മാറരുത്. രചനാതന്ത്രങ്ങള്‍ തടവറയായിമാറുന്നത് നമുക്കുതന്നെ ദോഷംചെയ്‌യും. ഓരോ തവണയും പുതിയവഴികള്‍, മേച്ചില്‍പ്പുറങ്ങള്‍ തേടണം. അതിനുവേണ്ടി അന്വേഷിച്ചുകൊണ്ടേയിരിക്കണം. പരാജയപ്പെട്ടാലും വിഷമിക്കരുത്. നാളെ പുതിയൊരു വഴി തെളിയുകതന്നെ ചെയ്‌യും. 

(മലയാള മനോരമ മലപ്പുറം യൂണിറ്റിന്‍റെ നേതൃത്വത്തില്‍ തിരൂര്‍ തുഞ്ചന്‍പറന്പില്‍ നടത്തിയ എഴുത്തുപുര സാഹിത്യക്യാംപിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ എം.ടി. വാസുദേവന്‍ നായര്‍ നടത്തിയ പ്രഭാഷണത്തില്‍നിന്ന്)