Labels

america (1) android (1) calculation (1) codes (1) diet (1) egypt (1) findshares (1) findyourcomments (1) Firmware Version (1) global code (1) google (3) googleplustips (3) heater (1) help (3) hospital (1) internet settings (1) israel (1) Keyboard Shortcuts (1) medical (1) Microsoft Windows (1) mobile (2) nathan pritikin (1) plus posts (1) Rahim Payyadimeethal (1) recovery software (1) samsung (1) searchtips (4) sign (1) solar (1) symbol (1) tech (3) technology (6) travel (1) war (1) water (1) worldwide (1) അമേരിക്ക (1) ഇസ്രായേല്‍ (1) ഈജിപ്റ്റ്‌ (1) എം ടി (1) എഴുത്ത് (1) കണക്കുകള്‍ (1) കഥ (1) കമന്റ്സ് (1) കവിത (1) കീബോര്‍ഡ് (1) കുറിപ്പുകള്‍ (3) ക്യാന്‍സര്‍ (1) ഖാലിദ്‌ (1) ഗണിതം (1) ഗൂഗിള്‍ ടോക്ക് (1) ഗൂഗിള്‍ പ്ലസ്‌ (2) ഗൂഗിള്‍പ്ലസ്‌ (3) ചാറ്റ് (1) ചികിത്സ (2) ടെക്നോളജി (7) ട്രാവല്‍ (1) ട്രിക്ക് (4) ട്രിക്ക്സ് (3) ഡോക്ട്ടര്‍ (1) പ്രസംഗം (1) ഫോട്ടോഷോപ്പ് (1) മലയാളം (1) മാതൃഭൂമി (1) മിശ്അല്‍ (1) യുദ്ധം (1) വിമാനയാത്ര (1) വ്യാജവാര്‍ത്ത (1) ശതാവരിക്കിഴങ്ങ് (1) ശാരിക എസ്. വിദേശ പഠനം. (1) ഷോട്ട് കട്ട് (1) സഹായം (8) സഹായി (7) സെര്‍ച്ച് ടിപ്സ് (3) സ്ഥലമളവ് (1) ഹമാസ്‌ (1) ഹൃദ്രോഗം (1) റിക്കവറി (1)

Tuesday, May 29, 2012

എന്താണ് രൂപയുടെ മൂല്യവും അതുകൊണ്ടുണ്ടാവുന്ന ഭവിഷ്യത്തുകളും?


ഒരു മീറ്ററിന്റെ നീളം എത്ര? കുഴപ്പം പിടിച്ച ചോദ്യമാണിത്. നീളത്തെ അളക്കാനുള്ള അളവുകോലാണ് മീറ്റര്‍. അളവുകോലിന്റെ അളവെത്ര എന്നു ചോദിച്ചാല്‍ കുഴങ്ങിപ്പോകും. ഒരു വഴിയുണ്ട്. മറ്റേതെങ്കിലും അളവുകോലിലേക്ക് മൊഴിമാറ്റം നടത്താം. ഒരു മീറ്റര്‍ നൂറു സെന്റിമീറ്ററാണ്. 3.28 അടിയാണ്. 1.09 വാരയാണ്.

രൂപയുടെ മൂല്യമെത്ര? ഈ ചോദ്യം മീറ്ററിന്റെ നീളത്തേക്കാള്‍ കുഴപ്പം പിടിച്ചതാണ്. ചരക്കുകളുടെ മൂല്യം അളക്കാനുള്ള അളവുകോലാണ് രൂപ. അപ്പോഴെങ്ങനെയാണ് രൂപയുടെ മൂല്യം അളക്കാനാവുക? പോംവഴി, മറ്റേതെങ്കിലും നാണയത്തിലേക്കുള്ള കൈമാറ്റത്തോത് കണക്കാക്കലാണ്. 55 രൂപയാണ് ഒരു ഡോളര്‍. 70 രൂപ ഒരു യൂറോ. 14.56 രൂപ ഒരു സൗദി റിയാല്‍ എന്നിങ്ങനെ. വിദേശ നാണയവുമായുള്ള ഈ കൈമാറ്റത്തോതിനെയാണ് വിനിമയനിരക്ക് എന്നു പറയുന്നത്.

എന്നാല്‍, നാണയങ്ങളുടെ മൂല്യത്തിന്റെ കാര്യത്തില്‍ ഗൗരവമായ ഒരു പ്രശ്‌നമുണ്ട്. വിനിമയനിരക്ക് നിരന്തരം മാറിക്കൊണ്ടിരിക്കും. ഉദാഹരണത്തിന് പരിഷ്‌കാരങ്ങള്‍ ആരംഭിച്ചപ്പോള്‍ 21 രൂപ കൊടുത്താല്‍ ഒരു ഡോളര്‍ ലഭിക്കുമായിരുന്നു. ഇതാണ് ഇപ്പോള്‍ 55 രൂപയായിരിക്കുന്നത്. ഡോളറിന്റെ മൂല്യം ഉയര്‍ന്നു. രൂപയുടെ മൂല്യം താഴ്ന്നു.

പണ്ട്, റിസര്‍വ് ബാങ്ക് ആണ് രൂപയുടെ മൂല്യം, അഥവാ വിനിമയ നിരക്ക് കാലാകാലങ്ങളില്‍ നിശ്ചയിച്ചിരുന്നത്. 21 രൂപ കൊടുത്താല്‍ ഒരു ഡോളര്‍ നല്‍കാന്‍ റിസര്‍വ് ബാങ്ക് ബാധ്യസ്ഥമായിരുന്നു. ഈ സ്ഥിതിമാറ്റി ഇന്ത്യയിലെ വിദേശനാണയ രംഗത്ത് ഡോളറിന്റെ ആവശ്യവും ലഭ്യതയും കയറിയിറങ്ങുന്നത് അനുസരിച്ച് ഇരു നാണയങ്ങളുടെയും വിനിമയ നിരക്ക് ഉയരാനും താഴാനും അനുവദിക്കുക എന്ന പരിഷ്‌കാരം ധനമന്ത്രിയായിരുന്നപ്പോള്‍ മന്‍മോഹന്‍ സിങ്ങാണ് കൊണ്ടുവന്നത്.

നമ്മള്‍ ചരക്കുകള്‍ കയറ്റുമതി ചെയ്യുമ്പോള്‍ നമുക്ക് വിദേശ നാണയം കിട്ടും. അതുപോലെ തന്നെ വിദേശ ഇന്ത്യക്കാര്‍ നാട്ടിലേക്ക് പണമയയ്ക്കുമ്പോഴും വിദേശ നാണയം കിട്ടും. ഇന്ത്യക്കാര്‍ വിദേശത്തു മുടക്കിയിരിക്കുന്ന മൂലധനത്തിന് പലിശയും ലാഭവും ലഭിക്കുമ്പോഴും വിദേശ നാണയം കിട്ടും. അതേസമയം ചരക്കുകള്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുമ്പോള്‍ നാം വിദേശനാണയം കൊടുക്കണം. അതുപോലെത്തന്നെ ശമ്പളം, ലാഭം, പലിശ, റോയല്‍റ്റി തുടങ്ങിയ ഇനങ്ങളില്‍ വിദേശികള്‍ പണം പുറത്തേക്കു കൊണ്ടുപോകുമ്പോഴും വിദേശനാണയം ചെലവാകും. ഇപ്രകാരം മൊത്തം വിദേശനാണയ വരുമാനവും മൊത്തം വിദേശനാണയ ചെലവും തമ്മിലുള്ള അന്തരത്തെയാണ് കറന്റ് അടവുശിഷ്ടം കമ്മി/മിച്ചം എന്നു വിളിക്കുന്നത്.

ചുരുക്കത്തില്‍, വായ്പയെടുക്കുമ്പോള്‍ ലഭിക്കുന്ന വിദേശനാണയത്തെയും അവ തിരിച്ചടയ്ക്കുമ്പോള്‍ ചെലവാകുന്ന വിദേശനാണയത്തെയും ഒഴിവാക്കി ബാക്കി ഏതാണ്ട് എല്ലാ വിദേശ വിനിമയ ഇടപാടുകളും കറന്റ് അടവുശിഷ്ട കണക്കില്‍ ഉള്‍പ്പെടും. ഇത് കമ്മിയാണെങ്കില്‍ അതു നികത്താനാണ് വായ്പയെടുക്കുക. അതുകൊണ്ടും വിദേശനാണയം തികയാതെവന്നാല്‍ ഉപയോഗിക്കാന്‍ വിദേശനാണയ കരുതല്‍ ശേഖരം ഓരോ സര്‍ക്കാറിനുമുണ്ട്. എങ്കിലും പൊതുവേ പറഞ്ഞാല്‍ കറന്റ് അടവുശിഷ്ട കമ്മി കൂടുമ്പോള്‍ വിദേശ നാണയത്തിന്റെ മൂല്യം ഉയരും. രൂപയുടെ മൂല്യം ഇടിയും.

ഇങ്ങനെ ഇന്ത്യന്‍ രൂപയുടെ മൂല്യം നിര്‍ണയിക്കുന്നത് പൂര്‍ണമായും കമ്പോളത്തിന് വിട്ടുകൊടുത്തതിന് പിന്നില്‍ ഒരു ലക്ഷ്യമുണ്ടായിരുന്നു. മുമ്പ് ഒരു ഡോളറുണ്ടായിരുന്നെങ്കില്‍ 21 രൂപയുടെ മൂല്യംവരുന്ന ചരക്ക് വിദേശത്തു നിന്നും വാങ്ങാമായിരുന്നു. ഇപ്പോള്‍ ഇതേ ചരക്കിന് 55 രൂപ നല്‍കണം. അങ്ങനെ ഇറക്കുമതി സാധനങ്ങളുടെ വില ഉയരുമ്പോള്‍ അവ വാങ്ങാന്‍ ആളുകള്‍ മടിക്കും. ഇറക്കുമതി കുറയും. അതേസമയം നേരത്തേ ഒരു ഡോളറും കൊണ്ടുവരുന്ന വിദേശിക്ക് 21 രൂപയുടെ ചരക്കേ ഇന്ത്യയില്‍ നിന്ന് വാങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. എന്നാലിപ്പോള്‍ 55 രൂപയുടെ ചരക്കുകള്‍ വാങ്ങാം. അതുകൊണ്ട് വിദേശികള്‍ കൂടുതല്‍ ചരക്കുകള്‍ വാങ്ങുകയും നമ്മുടെ കയറ്റുമതി ഉയരുകയും ചെയ്യും. ഇങ്ങനെ കയറ്റുമതിയും ഇറക്കുമതിയും ക്രമേണ തുല്യമായിത്തീരും.

എന്നാല്‍ ഇന്ത്യയില്‍ ഇതല്ല സംഭവിച്ചത്. ഇറക്കുമതി കുത്തനെ കൂടി. എണ്ണ പോലുള്ള ചരക്കുകള്‍ എത്ര വില കൂടിയാലും വാങ്ങുകയേ നിര്‍വാഹമുള്ളൂ. എന്നാല്‍, കയറ്റുമതി ആ തോതില്‍ ഉയരുന്നില്ല.

ഫലമോ? 17,000 കോടി രൂപയായിരുന്നു 1990-'91-ലെ വ്യാപാരക്കമ്മി. 2010-'11-ല്‍ അത് ആറു ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഭാഗ്യത്തിന് വിദേശ ഇന്ത്യക്കാര്‍ അയച്ചുതരുന്ന വരുമാനത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായി. ഇതുമൂലം കറന്റ് അടവുശിഷ്ട കമ്മി രണ്ടു ലക്ഷം കോടി രൂപയായേ ഉയര്‍ന്നുള്ളൂ. എങ്കിലും 1991-'92-ല്‍ അടവുശിഷ്ട കമ്മി 17,500 കോടി രൂപ മാത്രമായിരുന്നു എന്നോര്‍ക്കണം.

വിദേശനാണയ കമ്മി നികത്തുന്നതിന് കേന്ദ്ര സര്‍ക്കാറും കോര്‍പ്പറേറ്റുകളും കൂടുതല്‍ കൂടുതല്‍ വായ്പയെടുത്തു കൊണ്ടിരിക്കുക
യാണ്.

ഇങ്ങനെ വായ്പ വഴി ലഭിച്ച വിദേശനാണയത്തിന്റെ വലിയൊരു കരുതല്‍ശേഖരം കേന്ദ്രസര്‍ക്കാറിന്റെ കൈവശമുണ്ട്. 30,000 കോടി ഡോളര്‍ അഥവാ, 16 ലക്ഷം കോടി രൂപ വരുമത്. പുതിയ സാമ്പത്തികപരിഷ്‌കാരങ്ങളുടെ വമ്പന്‍ നേട്ടമായാണ് ഭരണാധികാരികള്‍ ഈ കരുതല്‍ ശേഖരത്തെ വിശേഷിപ്പിക്കുന്നത്. ഇത്രയും വലിയൊരു ശേഖരമുണ്ടായിട്ടും രൂപയുടെ മൂല്യമിടിയുന്നു എന്നത് ഒരു വൈരുധ്യമാണ്.

ഭീമന്‍ വിദേശനാണയ ശേഖരത്തില്‍ നിന്ന് പണമെടുത്ത് രൂപയുടെ മൂല്യം ഇടിയുന്നതിന് തടയിടാന്‍ റിസര്‍വ് ബാങ്കിന് ധൈര്യമില്ല. കാരണം മറ്റൊന്നുമല്ല, ഈ ശേഖരത്തില്‍ ഒരു നല്ല പങ്ക് ഹ്രസ്വകാല വായ്പകളാണ്. സ്റ്റോക്ക് മാര്‍ക്കറ്റ് തുടങ്ങിയ ഊഹക്കച്ചവട മേഖലയില്‍ കളിക്കാന്‍വരുന്ന പണമാണിത്. എപ്പോള്‍ വേണമെങ്കിലും തിരിച്ചുപോകാം. അപ്പോള്‍ കൊടുക്കാന്‍ റിസര്‍വ് ബാങ്കിന്റെ കൈയില്‍ വിദേശനാണയ ശേഖരം ഉണ്ടായേ തീരൂ.

ഹ്രസ്വകാല ഊഹക്കച്ചവട മൂലധനത്തിന്റെ വരവ് ഗണ്യമായി 2011-'12-ല്‍ കുറഞ്ഞു എന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2010-'11-ലും ഏതാണ്ട് 3200 കോടി ഡോളറാണ് ഈയിനത്തില്‍ ഇന്ത്യയിലേക്കു വന്നത്. എന്നാല്‍ 2011-'12-ല്‍ ഇത് 1800 കോടിയായി കുറഞ്ഞു. നടപ്പുവര്‍ഷത്തില്‍ കൂടുതല്‍ ശുഷ്‌കിച്ചു. അതുകൊണ്ട് കൈവിട്ടു കളിക്കാന്‍ റിസര്‍വ് ബാങ്കിനു ധൈര്യമില്ല. ഇതുമൂലമാണ് കഴിഞ്ഞ വര്‍ഷം 44.5 രൂപയായിരുന്ന ഡോളറിന്റെ വില ഇപ്പോള്‍ 55 രൂപയായി ഉയര്‍ന്നത്.

രൂപയുടെ മൂല്യം ഇടിയുന്നത് അതീവ ഗുരുതരമായ പ്രതിഭാസമാണെന്ന് കേന്ദ്രധനമന്ത്രി പ്രസ്താവിച്ചു കഴിഞ്ഞു. ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില ഉയരുന്നത് രാജ്യത്ത് വിലക്കയറ്റത്തിന് ആക്കം കൂട്ടും.

ഈ സ്ഥിതിവിശേഷത്തിന് രണ്ടു കാരണങ്ങളാണ് പ്രണബ് മുഖര്‍ജി ചൂണ്ടിക്കാണിക്കുന്നത്. ഒന്നാമത്തേത്, യൂറോപ്പിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ്. യൂറോപ്പ് ഡബിള്‍ ഡിപ്പ് മാന്ദ്യത്തിലാണ്. രണ്ടാമത്തേത് രാഷ്ട്രീയകാരണങ്ങള്‍ കൊണ്ട് സാമ്പത്തിക പരിഷ്‌കാരങ്ങള്‍ സ്തംഭിച്ചതാണ്. രാഷ്ട്രീയത്തിന്റെയും തിരഞ്ഞെടുപ്പിന്റെയും ശല്യമൊന്ന് ഒഴിവാക്കി കിട്ടിയിരുന്നെങ്കില്‍ എന്നാണ് കോര്‍പ്പറേറ്റുകളും ധനമന്ത്രിയും ആഗ്രഹിക്കുന്നത്.

തന്നാല്‍ കഴിയുന്നത് പ്രണബ് മുഖര്‍ജി ചെയ്യുന്നുണ്ട്. ഓഹരിക്കമ്പോളത്തിലെ നികുതി കുറച്ചു. വിദേശ കള്ളപ്പണം ഇന്ത്യയിലേക്കു വരുന്നത് തടയാനുള്ള നടപടികള്‍ തത്കാലം വേണ്ടെന്നു വെച്ചു. ഈ പാര്‍ലമെന്റ് സമ്മേളനത്തില്‍ വെച്ചുതന്നെ ചില പുതിയ സാമ്പത്തിക നിയമങ്ങള്‍ പാസ്സാക്കും.

സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഊക്കു വര്‍ധിപ്പിച്ച് വിദേശ മൂലധനത്തെ പ്രീതിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം തെളിയിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. അമ്പോ, എന്തൊരു കരുത്ത്!

രൂപയ്ക്ക് സംഭവിക്കുന്നത്‌ എന്ന തലക്കെട്ടില്‍ 
മാതൃഭൂമി ഡോട്ട് കോമില്‍  29 May 2012 തിയ്യതിയില്‍ 
ഡോ. ടി.എം. തോമസ് ഐസക് എഴുതിയ ലേഖനമാണിത്.  രൂപയുടെ മൂല്യത്തെ പറ്റിയും അതിന്റെ ഉയര്‍ച്ച താഴ്ചകള്‍ രാജ്യത്തെ ബാധിക്കുന്നതിനെ പറ്റിയും നമുക്ക് അറിവ് പങ്കു വെക്കുന്ന നല്ലൊരു ലേഖനം. ലേഖനത്തിന്റെ ഒറിജിനല്‍ ലിങ്ക് ഇവിടെ